പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ നടക്കാൻ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ മാതൃകാ പരീക്ഷകൾ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി 28-08-2021 വെളളിയാഴ്ച രാവിലെ 10.30-ന് വിളിച്ചു ചേർത്തിട്ടുണ്ട്.

മൊത്തം 2,027 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

പരീക്ഷയ്ക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾക്ക് തയ്യാറെടുക്കാനുള്ള മാതൃകാപരീക്ഷ വീട്ടിലിരുന്ന് എഴുതാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിക്കുക. കുട്ടികൾക്ക് ചോദ്യപേപ്പർ അതാത് ദിവസം രാവിലെ ഹയർ സെക്കൻഡറി പോർട്ടൽ വഴി നൽകും. പരീക്ഷയ്ക്കു ശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം.

Share
അഭിപ്രായം എഴുതാം