കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരന്മാര്‍ക്ക് ആശ്വാസം. ഇ ബുള്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ലിബിന്റെയും എബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി 25/08/21 ബുധനാഴ്ച തള്ളി.
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹർജിയിൽ പൊലീസിന്റെ വാദം. എന്നാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.