മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കി; എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ ‘യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തക’രുടെ പോസ്റ്റര്‍

കൊച്ചി: ഡി.സി.സി പുനസംഘടനയെചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ പോസ്റ്റര്‍.

മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കിയെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. 25/08/21 ബുധനാഴ്ച രാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റില്‍ പതിച്ചിരിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി.ഡി. സതീശന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക എന്നും പോസ്റ്ററില്‍ പറയുന്നു.

ഗ്രൂപ്പ് ഇല്ലാ എന്ന് കള്ളം പറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി. സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

Share
അഭിപ്രായം എഴുതാം