കാസർകോട്: വിദ്യാകിരണം പോര്‍ട്ടലിലൂടെ കുട്ടികളെ സഹായിക്കാം

കാസർകോട്: അധ്യാപകനുമായി കുട്ടിക്ക് സംവദിക്കാനും സ്വന്തം അധ്യാപകര്‍ തന്നെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനുമുള്ള സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോം സര്‍ക്കാര്‍ രൂപപ്പെടുമ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിന് എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകം പോലെ തന്നെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ജനകീയ ഇടപെടലിലൂടെ കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച വെബ്സൈറ്റാണ് വിദ്യാകിരണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഡിജിറ്റല്‍ ക്ലാസിനായി ഉപകരണങ്ങള്‍ ലഭ്യമാക്കാനായി വ്യക്തികള്‍, സംഘടനകള്‍, കമ്പനികള്‍ തുടങ്ങിയവര്‍ക്ക് https://vidyakiranam.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ കുട്ടികളെ സഹായിക്കാം. ഒരു പ്രദേശത്തെ സ്‌കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും ഈ വെബ്സൈറ്റ് വഴി സാധിക്കും. എത്ര കുട്ടികള്‍ക്ക് പഠനോപകരണം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം. കമ്പനികള്‍ക്ക് സിഎസ്ആര്‍ ഫണ്ടും സംഭാവനയായി നല്‍കാം.

സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം. കേരളത്തിലാകെ എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ആവശ്യമാണ് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിലും എത്ര കുട്ടികള്‍ക്കാണ് അവ ആവശ്യമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിദ്യാകിരണം വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വെബ് സൈറ്റിലൂടെ ലഭിക്കുന്ന സഹായം വിദ്യാലയസമിതികള്‍ കണ്ടെത്തുന്ന അര്‍ഹരായ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിവിധ തലത്തിലുള്ള കമ്മിറ്റികള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →