നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടിയുടെ ആസ്തി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022 ൽ ആരംഭിച്ച് 2025 ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്.

മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുക എന്നതാണ് സർക്കാർ നയമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കുമെന്ന് അവർ പറഞ്ഞു. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികൾ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കൾ സർക്കാരിന് തിരികെ നൽകുമെന്നും അവർ വ്യക്തമാക്കി.

2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ തന്നെ ഇത്തരത്തിൽ സ്വകാര്യവത്കരണം നടത്തി സർക്കാർ കൂടുതൽ വരുമാനമുണ്ടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →