കൊല്ലം : സാമൂഹിക അകലം പാലിക്കാഞ്ഞതിന് പെറ്റിയടച്ചതിന്റെ പേരില്‍ പോലീസിനോട് കയര്‍ത്തയാള്‍ പിന്നീട് മോഷണക്കേസില്‍ അറസ്‌റ്റിലായി. ചടയമംഗലം സ്വദേശി ശിഹാബാണ് പോലീസ് പിടിയിലായത്. ബാങ്കിന് മുന്നില്‍ ക്യൂ നിന്നപ്പോള്‍ സാമൂഹ്യ അകലം പാലിക്കാഞ്ഞതിന് പോലീസുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും, പോലീസ് പെറ്റി നല്‍കിയതുമായി ബന്ധപ്പെട്ട് ഗൗരി നന്ദ ഇടപെട്ട് ചോദ്യം ചെയ്യുകയും ചെയ്‌ത സംഭവത്തിലെ വ്യക്തിഈ ശിഹാഹാണ്. ചടയമംഗലം സ്വദേശിനിയായ ഗൗരി നന്ദയുടെ ഇടപെടല്‍ വളരെ ശ്രദ്ധേയമാകുകയും ചെയ്‌തിരുന്നു.
സഹോദരന്‍ അബ്ദുള്‍ സലാമിന്റെ വീട്ടില്‍ മോഷണം നടത്തിയതിനാണ് ശിഹാബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അബ്ദുള്‍ സലാമിന്റെ വീടിന്റെ ടെറസിന് മുകളില്‍ ഉണക്കി മൂന്നുചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും ഒരുചാക്ക് നെല്ലും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. തുടര്‍ന്ന് സലാം പോലീസില്‍ പരാതി നല്‍കിയിരുന്നു..ശിഹാബിനെ സംശയമുണ്ടെന്ന് പരാതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മോഷണം പോയ ഒരുചാക്ക് നെല്ല് ശിഹാബിന്റെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശിഹാബ് കുരുമുളക് ഓട്ടോറിക്ഷയില്‍ നിലമേല്‍ മുരുക്കുമണ്ണില്‍ ഉളള കടയില്‍ 14,000രൂപക്ക് വിറ്റതായി കണ്ടെത്തി. ശിഹാബിനെ കടയിലെത്തിച്ച് കുരുമുളക് കണ്ടെത്തുകയും ചെയ്‌തു. മുമ്പ് സമാനമായ കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുളള ആളാണ് ശിഹാബെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.