കോട്ടയം: വൈക്കത്ത് കുളം കുഴിക്കുന്നതിനിടയില്‍ കണ്ടെത്തിയ അസ്ഥികൂടം 40 വയസുളള പുരുഷന്റേതാണെന്ന് റിപ്പോര്‍ട്ട്. അസ്ഥികൂടത്തിന്റെ പഴക്കം നിശ്ചയിക്കുന്നതിനുളള പരിശോധനകള്‍ ആരംഭിച്ചു. ഡിഎന്‍എ പരിശോധനക്കുളള സാമ്പിള്‍ അടക്കം ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക്ക് വിഭാഗത്തിലാണ് പരിശോധന നടന്നത്.
വൈക്കത്തിനടുത്ത് ചെമ്മനത്തുകര കടത്തുകടവിന് സമീപത്തെ വലിയ കുളത്തില്‍ നിന്നാണ് തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്. അസ്ഥികൂടം കണ്ടെത്തിയ ഭാഗത്ത് അഞ്ചടിയോളം താഴ്‌ചയില്‍ നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 20 വര്‍ഷം മുമ്പുവരെ കയര്‍ പിരിക്കുന്നതിനുളള തൊണ്ട് ചീയാന്‍ ഇട്ടിരുന്ന കുളമാണിത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൈക്കം മേഖലയില്‍ സമാന പ്രായമുളള നാലുപേരെ കാണാതായതായി പോലീസ് കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചാവും തുടരനവേഷണം നടക്കുക. തൊട്ടടുത്തുളള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെളളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകിവന്ന മൃതദേഹം ഇവിടെ തങ്ങിനിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്.

