കൊല്ലം: ആരോഗ്യരംഗത്തെ ജനകീയ ആതുരാലയമായ എന്‍.എസ്. സഹകരണ ആശുപത്രി സാധാരണക്കാര്‍ക്ക് പ്രാപ്യമായ വേറിട്ട ആതുരാലയം ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വികസനത്തിന്റെ പുതിയ നാഴികക്കല്ല് കൂടി പിന്നിടുകയാണ് ഇപ്പോള്‍ എന്ന് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ആധുനിക ബ്ലഡ് ബാങ്കിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കവെ വ്യക്തമാക്കി. ആതുര സേവന മേഖലയിലെ ചൂഷണത്തിനെതിരായ ജനകീയ ബദലാണ് ആശുപത്രിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി.
ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചിട്ടുള്ളത്. 10 കൗണ്ടറുകളുള്ള റിസപ്ഷന്‍ ആന്റ് രജിസ്‌ട്രേഷന്‍ വിഭാഗം, 15 കൗണ്ടറുകളുള്ള മോഡുലാര്‍ ഫാര്‍മസി സൗകര്യം, 10 പുതിയ ഒ.പി സ്യൂട്ടുകള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. കമ്പോണന്റ് സെപ്പറേഷന്‍ സംവിധാനങ്ങള്‍ അടങ്ങുന്നതാണ് രക്തബാങ്ക്.
ചടങ്ങില്‍ കെ.ഡി.സി.എച്ച്.എസ് സെക്രട്ടറി പി. ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ് രാജേഷ്, കെ.ഡി.സി.എച്ച്.എസ് പ്രസിഡന്റ് പി. രാജേന്ദ്രന്‍, കേരളബാങ്ക് ഡയറക്ടര്‍ ജി. ലാലു, തൊടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂര്‍ രാമചന്ദ്രന്‍, കെ.ഡി. സി.എച്ച്.എസ്. വൈസ് പ്രസിഡന്റ് എ. മാധവന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.