വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും സേനാപിന്മാറ്റത്തെ ശരിവെച്ച് പ്രസിഡന്റ് ജോ ബൈഡന്. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് താലിബാന് അഫ്ഗാന് കയ്യടക്കിയതിന് ശേഷം നടത്തിയ ആദ്യ പ്രതികരണത്തില്‍ ബൈഡന് പറഞ്ഞത്.
‘എന്റെ തീരുമാനത്തില്‍ ഞാന്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ പറ്റിയ ഒരു നല്ല സമയം ഒരിക്കലുമില്ലായിരുന്നുവെന്ന് 20 വര്‍ഷത്തിന് ശേഷം ഇന്ന് ഞാന്‍ മനസിലാക്കുകയാണ്,’ ജോ ബൈഡന് പറഞ്ഞു.
9/11 തീവ്രവാദ ആക്രമണ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ താലിബാനെ ശിക്ഷിക്കുക എന്നതായിരുന്നു അമേരിക്കയുടെ ആദ്യ ലക്ഷ്യമെന്ന് ബൈഡന് പറഞ്ഞു. എന്നാല്‍ അതില്‍ നിന്നും മാറി ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നെന്നും ആ യുദ്ധം നിര്‍ത്തുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും ബൈഡന് പറഞ്ഞു.
അഫ്ഗാന് എന്ന രാജ്യത്തിന്റെ നിര്‍മ്മാണമോ വികസനമോ ഒരിക്കലും തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും ബൈഡന് പറഞ്ഞു. സേനയെ പിന്‍വലിച്ചാലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക തുടരുമെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തിലായിരുന്നു താലിബാന്റെ ആക്രമണമെന്നും മുന്കൂട്ടിക്കണ്ടതുപോലെയല്ല കാര്യങ്ങള്‍ നീങ്ങിയതെന്നും ബൈഡന് സമ്മതിച്ചു.
അമേരിക്കന്‍ സേനയോട് ചേര്‍ന്നുപ്രവര്‍ത്തിച്ച ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെയും അഫ്ഗാന് പൗരന്മാരെയും തിരിച്ചെത്തിക്കാനുണ്ടെന്നും ഇതിനിടയില്‍ താലിബാന് ആക്രമണം നടത്തിയാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്നും ബൈഡന് പറഞ്ഞു.
അഫ്ഗാന് സര്‍ക്കാര്‍ പലായനം ചെയ്തതിനെ ബൈഡന് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അവരുടെ ഭാവി നിശ്ചയിക്കാനുള്ള എല്ലാ അവസരങ്ങളും തങ്ങള്‍ നല്‍കിയിരുന്നെന്നും പക്ഷെ ഭാവിക്ക് വേണ്ടി പോരാടാനുള്ള മനസ് നല്‍കാനാവില്ലല്ലോയെന്നും ബൈഡന് കുറ്റപ്പെടുത്തി.

