ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ ഭീകരവാദികളുടെ ഒരു വീഡിയോ ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന സംശയമുണ്ടാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീഡിയോയില്‍ കേള്‍ക്കുന്നത് മലയാളമല്ലെന്നും അഫ്ഗാനിലെ സാഹുള്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ സംസാരിക്കുന്ന ബ്രാവി ഭാഷയാണിതെന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ റിട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്.
ആഗസ്റ്റ് 15ന് പുറത്തുവന്ന വീഡിയോയില്‍ താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഭീകരവാദികളിലൊരാള്‍ നിലത്തിരുന്ന് കരയുന്നതായിരുന്നു ഉണ്ടായിരുന്നത്. അഫ്ഗാന്‍ പിടിച്ചടക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇയാള്‍.
സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ‘സംസാരിക്കട്ടെ’ എന്ന മലയാളപദത്തോട് സാമ്യമുള്ള ചില വാക്കുകള്‍ ഇയാളും കൂട്ടത്തിലുമുള്ള മറ്റൊരാളും പറയുന്നത് കേള്‍ക്കാമായിരുന്നു.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് താലിബാനിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. താലിബാനില്‍ രണ്ട് മലയാളികളെങ്കിലുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

