കൊച്ചി: ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പരീക്ഷണവുമായി ബെവ്‌കോ. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പുതിയ സംവിധാനം 17/08/21 ചൊവ്വാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിത്തുടങ്ങി.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കിയത്. ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. മദ്യം തെരഞ്ഞെടുത്ത് പണമടച്ചു കഴിഞ്ഞാല്‍ ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് സന്ദേശം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഔട്ട്‌ലെറ്റിലെത്തി എസ്എംഎസ് കാണിച്ച് മദ്യം വാങ്ങാം.
പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കും.
ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആള്‍ക്കൂട്ടം തുടരുന്നതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചത്. അതിഗുരുതരമായ സ്ഥിതി വിശേഷമാണുള്ളത്.
തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പൂര്‍ണമായ അടച്ചിടല്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

