എറണാകുളം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം; പ്രത്യേക ക്ഷണിതാക്കളായി ആരോഗ്യ പ്രവർത്തകർ

എറണാകുളം: പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിവിൽസ്റ്റേഷനിലെ ഷട്ടിൽ കോർട്ട്  മൈതാനിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

രാവിലെ 8.45ന് പരേഡ് ബേസ് ലൈനിൽ അണിനിരന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റിലെ കെ. ബാലൻ, കെ.ആർ. സജീവ് എന്നിവർ പരേഡ് കമാൻഡർമാരായി ചുമതലയേറ്റു. തുടർന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച്. നാഗരാജു ചക്കിപ്പം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പി. രാജീവ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. 

കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ  പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. അനൂപ് തുളസി, പി വി എസ് അപ്പെക്സ് സെന്റിലെ ഫിസിഷ്യൻ ഡോ. കാർത്തിക് ബാലചന്ദ്രൻ , സർവെയ്ലൻസ് വിഭാഗത്തിലെ ഡേറ്റ അനലിസ്റ്റ് ഡോ. സെറിൻ കുര്യാക്കോസ്, എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഉണ്ണി ജോസ്, കോതമംഗലം താലൂക്ക് ആശുപത്രിയിലെ സ്മിത ബേക്കർ, പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് യദു കൃഷ്ണൻ, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻറ് പി. മല്ലിക, വടവുകോട് ഗ്രാമപഞ്ചായത്തിലെ എം.ക്യു. അശോകൻ, കാലടി ഗ്രാമപഞ്ചായത്തിലെ എം.എം. ഐ ഷ, തൃക്കാക്കര നഗരസഭയിലെ ഷീന എന്നിവരാണ് പങ്കെടുത്തത്. 

സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ മന്ത്രി പി.രാജീവ് ഹാരാർപ്പണം നടത്തി. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നക്ഷത്ര വനം മരം വച്ചു പിടിപ്പിക്കൽ പരിപാടിയുടെ ഉദ്ഘാടനം വൃക്ഷതൈയും നട്ടു കൊണ്ട് മന്ത്രി നിർവഹിച്ചു. 

പോലീസിന്റെ മൂന്ന് പ്ലാറ്റൂണുകളാണ്  പരേഡിൽ പങ്കെടുത്തത്. ജില്ലാ ആസ്ഥാനത്തെയും ലോക്കൽ സ്റ്റേഷനുകളിലെയും കൊച്ചി സിറ്റി, റൂറൽ വിഭാഗത്തിലുള്ളവരും വനിത പോലീസ് ബറ്റാലിയനുമാണ് പരേഡിൽ അണിനിരന്നത്. 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നില്ല. എം.എൽഎമാരായ പി.ടി. തോമസ്, പി.വി. ശ്രീനിജിൻ, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം