രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് രമണ

ന്യൂഡൽഹി: രാജ്യത്തെ പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. എന്തിന് വേണ്ടിയാണ് നിയമം നിർമിക്കുന്നതെന്ന് എന്നതിലും വ്യക്തതയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

നിയമനിർമാണത്തിൽ വ്യക്തതയില്ലാത്തത് വ്യവഹാര നടപടികൾ വർധിപ്പിച്ചിരിക്കുകയാണ്. മുൻപ് ഗുണപരമായ മികച്ച സംവാദങ്ങൾ പാർലമെന്റിൽ നടക്കുമായിരുന്നു. ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പാർലമെന്റിലുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

“നിയമനിർമാണത്തിലെ അവ്യക്തത കോടതിയെ തന്നെ ബാധിക്കുന്നു. ചില നിയമങ്ങൾ എന്തിന് വേണ്ടിയാണെന്ന് പോലും മനസിലാകുന്നില്ല. ഇത് പൊതുജനങ്ങളെയും സർക്കാരിനെയും നേരിട്ട് ബാധിക്കുന്നു. ഇപ്പോഴത്തെ സഭാ നടപടികൾ തന്നെ ഏറെ നിരാശാജനകമാണ്. പണ്ട് സഭയിൽ നടന്നിരിക്കുന്നത് ക്രിയാത്മക സംവാദങ്ങളാണ്. സാമ്പത്തിക ബില്ലുകളെപ്പറ്റിയുള്ള ഒട്ടേറെ നല്ല ചർച്ചകൾക്ക് മുമ്പ് സഭയിൽ കാണാമായിരുന്നു. നിയമനിർമാണത്തിന്റെ പ്രാധാന്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ അന്നു കഴിഞ്ഞിരുന്നു.

പുതിയ നിയമങ്ങളിൽ പലതിലും വ്യക്തതയില്ല. ഇത് പൊതുജനത്തിന്റെ മൊത്തം നഷ്ടമാണ്. ഇന്ത്യൻ പാർലമെൻറിൽ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് വ്യക്തമാണ്. ആദ്യ ലോക്സഭയും രാജ്യസഭയും പരിശോധിച്ചാൽ നിയമ വിദഗ്ധൻ ധാരാളം ഉണ്ടായിരുന്നു എന്ന കാര്യം മനസിലാകും. നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളിൽതന്നെ പലരും നിയമ വിദഗ്ധരായിരുന്നു. ഇപ്പോഴത്തെ പാർലമെൻറിൻറെ അവസ്ഥ എന്താണ് .. ” ചീഫ് ജസ്റ്റിസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →