പി എസ് സി ഒഴിവുകള്‍ വകുപ്പ് വെബ്സൈറ്റുകളില്‍ അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണനയില്‍-മുഖ്യമന്ത്രി

ആലപ്പുഴ: പി.എസ്.സി. നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍, വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ/ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയവുമായി ബന്ധപ്പെട്ട് എച്ച്. സലാം എം.എല്‍.എ. നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉണ്ടായാല്‍ മാത്രം യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒറ്റപ്പെട്ട ചില അനുഭവങ്ങളുമുണ്ട്. റാങ്ക് ലിസറ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമികുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാം നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി വരുന്നുണ്ട്. ഇതിനായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →