പത്തനംതിട്ട: സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തി മഞ്ഞത്തോട്ടില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മഞ്ഞത്തോട്ടില്‍ എല്ലാവിധ വികസനവും സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഗോത്രാരോഗ്യ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ഗോത്രവര്‍ഗ സങ്കേതത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

കോളനിയില്‍ വെളിച്ചം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. അതിനായി റാന്നി-പെരുനാട് പഞ്ചായത്തിനോട് പ്രോജക്ട് വയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഊരിലെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തും.  വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം സ്വീകരിക്കണമെന്നും രണ്ടാം ഘട്ട വാക്‌സിന്‍ എടുക്കാനുള്ളവര്‍ അവയും സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എസ്.ടി പ്രമോട്ടര്‍ എം.ടി. ബിന്‍സി ചൊല്ലിക്കൊടുത്തു. 

സംസ്ഥാന സര്‍ക്കാര്‍ ‘ഗോത്രാരോഗ്യവാരം’ എന്ന പേരില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണു സംഘടിപ്പിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ മനുഷ്യാവകാശം, വിദ്യാഭ്യാസം, ജീവിത സാഹചര്യം, വികസനം, ആരോഗ്യം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കലാണു ലക്ഷ്യം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോത്രവിഭാഗ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനു മുഖ്യപ്രാധാന്യം നല്‍കി ‘ആദിവാസി ജനത- ആരോഗ്യ ജനത’ എന്ന സന്ദേശമുയര്‍ത്തിയാണു ഗോത്രാരോഗ്യവാരം നടത്തുന്നത്.

ഊരുമൂപ്പന്‍ രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എസ്.എസ്.സുധീര്‍, രാജാമ്പാറ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എസ്.വി.അഭിലാഷ്, എസ്.ടി പ്രമോട്ടര്‍ എം.ടി. ബിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →