തിരുവനന്തപുരം : അർബുദരോഗ ബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ചലച്ചിത്ര താരം ശരണ്യ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശരണ്യയുടെ വിയോഗം വേദനയുണ്ടാകുന്നതാണെന്നും ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ..
ചലച്ചിത്ര താരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദന ഉളവാക്കുന്നതാണ്. അർബുദരോഗ ബാധയ്ക്കു മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകരുന്നതായിരുന്നു.
തന്റെ ചികിത്സാ ചെലവിനായി നീക്കിവെച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികൾ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവിസ്നേഹവും ഏവരും മാതൃകയാക്കേണ്ടതാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.

