തിരുവനന്തപുരം: ലഹരിമുക്ത കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തി മടങ്ങുമ്പോൾ തുണിക്കടയിൽ കയറി മോഷണം നടത്തിയവർ ഒടുവിൽ പൊലീസ് പിടിയിലായി. തിരുവനന്തപുരം പോത്തൻകോട്ടെ തുണിക്കടയിൽ മോഷണം നടത്തിയവരാണ് അറസ്റ്റിലായത്.
പിടിയിലായ കൊല്ലം മയ്യനാട് സ്വദേശികളായ നിജാദ്, സെയ്ദലി എന്നിവരെ റിമാന്റ് ചെയ്തു.
മെഡിക്കൽ കോളജിനു സമീപത്തെ ലഹരിമുക്ത കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തിയ ഇവർ മടങ്ങുന്ന വഴിക്കാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച(06/08/21)യാണ് വെഞ്ഞാറമ്മൂട് റോഡിലെ തുണിക്കടയിൽ മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ കടയിലെ ജീവനക്കാരനെ കബളിപ്പിച്ചായിരുന്നു മോഷണം നടത്തിയത്. നിരവധി വാച്ചുകളും കണ്ണടകളും വസ്ത്രങ്ങളും പ്രതികള്‍ കടയില്‍ നിന്നും കവര്‍ന്നു. രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കടയുടമയ്ക്ക് മോഷണം നടന്ന വിവരം മനസ്സിലായത്.
കടയിലേക്ക് കയറുമ്പോൾ തന്നെ പ്രതികള്‍ വാച്ചുകൾ എടുക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതിയായ നിജാദ് കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അമ്പതോളം കേസുകളിൽ പ്രതിയാണ്.

