അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചിരുന്ന ഡ്രൈവറും മരിച്ചു

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചിരുന്ന ഡ്രൈവറും മരിച്ചു. അഴീക്കോട് സ്വദേശി അശ്വിനാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

അമിത മദ്യപാനം കാരണം അശ്വിന് ആന്തരിക രക്തസ്രാവം നേരത്തെയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ അശ്വിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 09/08/21 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് ജൂലൈ 23 നാണ് മരിച്ചത്. അഴിക്കോട് വെച്ച് അശ്വിൻ ഓടിച്ച കാറിൽ റമീസ് ഓടിച്ച ബൈക്കിടിച്ചായിരുന്നു അപകടമുണ്ടായത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു റമീസിന്‍റെ മരണം. അർജുൻ ആയങ്കിയുടെ പേരിലുള്ളതായിരുന്നു റമീസ് ഓടിച്ച പൾസർ ബൈക്ക്. എന്നാല്‍, റമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പോലീസ് നേരത്തെ കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം