തിരുവനന്തപുരം: കലാസമൂഹത്തിന് ഉണർവേകാൻ ‘മഴമിഴി’ മെഗാ സ്ട്രീമിങ് 28 മുതൽ

തിരുവനന്തപുരം: കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നൽകാനുമായി സംഘടിപ്പിക്കുന്ന ‘മഴമിഴി’ മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ, രൂപരേഖ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനു നൽകിയും ലോഗോ ഗായികയും എം.എൽ.എയുമായ ദലീമയ്ക്ക് നൽകിയുമാണ് പ്രകാശനം ചെയ്തത്.    
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ഫെസ്റ്റിവൽ ജനറൽ കൺവീനറുമായ പ്രമോദ് പയ്യന്നൂർ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ മനു സി. പുളിക്കൽ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദർശൻ കുന്നത്തുകാൽ, മുഹമ്മദ് റിജാസ് എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ഗോത്രകലകൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ, ക്രിസ്തീയ കലാരൂപങ്ങൾ, മാപ്പിളകലാരൂപങ്ങൾ, ക്ഷേത്രകലകൾ, ശാസ്ത്രീയകലകൾ, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി,  ഇതര ജനകീയകലകളായ മാജിക്, സർക്കസ്, സൈക്കിൾ യജ്ഞം എന്നിവയും ട്രാൻസ്ജെൻഡേർസ്, ഭിന്നശേഷിക്കാർ, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം നൽകി, 3500 ഓളം കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി’ സംഘടിപ്പിക്കുന്നത്. നാടകം, കഥാപ്രസംഗം, ഗാനമേള എന്നീ കലാരൂപങ്ങളും ഇതിന്റെ തുടർച്ചയായി ലോകമലയാളികളിലേക്കെത്തും. ആഗസ്റ്റ് 28 മുതൽ നവംബർ ഒന്ന് കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ മെഗാ സ്ട്രീമിങ് സാംസ്‌കാരിക വിരുന്നായ ‘മഴമിഴി’  രാത്രി ഏഴു മുതൽ ഒമ്പതുവരെയാണ് ലോക മലയാളികളിലേക്ക് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ എത്തിക്കുന്നത്. സാംസ്‌കാരിക വകുപ്പ്, സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഫോക് ലോർ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ‘മഴമിഴി’ ഒരുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →