തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ തിരുവനന്തപുരം വഞ്ചിയൂരിലെ ശ്രീചിത്തിരതിരുന്നാള്‍ ഗ്രന്ഥശാല നാശത്തിന്റെ വക്കിലാണ്. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഗ്രന്ഥശാല അടച്ചിട്ടിരിക്കുകയാണിപ്പോള്‍. 1914ല്‍ ‘വായനശാല കേശവപിളള’ എന്നറിയപ്പെട്ടിരുന്ന ആള്‍ സഥാപിച്ചതാണ് ഈഗ്രന്ഥശാല . ഗ്രന്ഥശാല തുറക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുരാതനങ്ങളായ രേഖകളും പഴക്കമേറിയ ഗ്രന്ഥങ്ങളും നശിച്ചുപോകുമെന്ന വേവലാതിയിലാണ് പ്രദേശവാസികള്‍
താളിയോലകള്‍, ആദ്യകാല പത്രങ്ങള്‍, മാസികകള്‍ ,വിദേശ മാസികകള്‍ തുടങ്ങി ഒന്നരലക്ഷത്തിലികം രേഖകളും പുസ്‌തകങ്ങളും അടങ്ങുന്ന ശേഖരത്തിന് കോടികളുടെ വിലമതിപ്പുളളതാണ്. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമായ ഈ ഗ്രന്ഥശാല ഇല്ലാതായാല്‍ ചരിത്ര രേഖകള്‍ അന്യമാവും. 18 അംഗ ഭരണ സമിതിയാണ് ഇവിടെ നിലവിലുളളത്. വഞ്ചിയൂര്‍ കോടതിയുടെ സമീപത്ത് 50 സെന്‍റ് സ്ഥലത്തുളള കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്.്. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുളള ഭരണ സമിതിയുടെ പ്രവര്‍ത്തനത്തിനെതിരെ ഗ്രന്ഥശാല സംരക്ഷണ സമിതി രൂപീകരിക്കുകയും ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട് . ഗ്രന്ഥശാല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്.
1914ല്‍ എന്‍ കേശവപിളള സ്വന്തം വീടിന്‍റെ ചായ്‌പില്‍ 25 പുസ്‌തകങ്ങള്‍ അടുക്കിവച്ച് ആരംഭിച്ചതാണ് ഈ ഗ്രന്ധശാല. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയോട് ചേര്‍ന്ന 13 സെന്റ് സ്ഥലം തീറുനല്‍കി മഹാരാജാവിന്റെ ഉത്തരവിറങ്ങുകയും ചെയ്‌തു. തുടര്‍ന്ന് പൗരപ്രമുഖരുടെ കമ്മറ്റി ഉണ്ടാക്കി പിരിവെടുത്ത് 34 സെന്റ് സ്ഥലംകൂടി വാങ്ങുകയും ചെയ്‌തു. കേരള പിറവിക്കുശേഷം സൊസൈറ്റീസ് ആക്ടുപ്രകരം 1965ല്‍ രജിസറ്റര്‍ ചെയ്‌തു.1966ല്‍ വിശാലമായ ബഹുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്‌ണന്‍ നിര്‍വഹിക്കുകയും ചെയ്‌തു.
പദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ നിരവധി താളിയോലകളും മലയാളത്തിലെ ആദ്യകാല മാസികകളും ഉള്‍പ്പെടയുളള അമൂല്യ രേഖകളും ഇവിടെയുണ്ട്. കേരളത്തിലെ അമച്വര്‍ നാടകങ്ങള്‍ക്ക് ആര്‍ജവം കൊടുത്തെന്ന ഖ്യാതികൂടി ഈ ഗ്രന്ഥശാലക്കുണ്ട്. മലയാളത്തിലെ പ്രമുഖ നാടക കൃത്തുക്കളായ് സിഎന്‍ശ്രീകണ്‌ഠന്‍നായര്‍, എന്‍പി ചെല്ലപ്പന്‍നായര്‍, വീരരാഘവന്‍ നായര്‍, എന്‍ കൃഷ്‌ണപിളള, ജഗതി എന്‍കെ ആചാരി, തുടങ്ങിയവരെല്ലാം പേര്‌കേട്ട നാടകങ്ങള്‍ രചിച്ചത് ഗ്രന്ഥശാലക്കുവേണ്ടിയായിരുന്നു. തിക്കുറിശി, ടി ആര്‍ സുകുമാരന്‍ നായര്‍, കൈനിക്കര സഹോദരന്മാര്‍, എസ് ഗുപ്‌തന്‍നായര്‍, പികെ വിക്രമന്‍ നായര്‍, തുടങ്ങിയ പലരും നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

