ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. അനുപാതം 10 ന് മുകളിൽ വരുന്ന പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ അഞ്ചു നഗരസഭകളിലായി 10 വാർഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.
അതീവ നിയന്ത്രണ മേഖല പൂർണമായും പൊലീസ് നിരീക്ഷണത്തിലായിരിക്കും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക്(പി.ഡി.എസ്) രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. നാലിൽ അധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല.
സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണവും നിയന്ത്രണവും മേഖലയിൽ ശക്തമായിരിക്കും. പ്രദേശവാസികൾക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം പൊലീസ്/വാർഡുതല റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ സേവനം തേടാം. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്കു മാത്രം പങ്കെടുക്കാം. കോവിഡ് 19 രോഗനിർവ്യാപനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവർത്തിക്കാം. പൊലീസ്, ഫയർഫോഴ്സ്, ട്രഷറി, പെട്രോളിയം, പാചകവാതക സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാർഡുതല ജാഗ്രത സമിതികൾ അടിയന്തരമായി കോവിഡ് നിർവ്യാപന നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതീവനിയന്ത്രണ മേഖലകൾ ചുവടെ
ആലപ്പുഴ നഗരസഭ: വാർഡ് 18 അവലൂക്കുന്ന്, വാർഡ് 46 വാടക്കനാൽ, വാർഡ് 52 മംഗലം
ചേർത്തല നഗരസഭ: വാർഡ് 1, 5, 7
ചെങ്ങന്നൂർ നഗരസഭ: വാർഡ് 21
മാവേലിക്കര നഗരസഭ: വാർഡ് 2 കുരുവിക്കാട്, വാർഡ് 3 കണ്ടിയൂർ
കായംകുളം നഗരസഭ: വാർഡ് 25