ടോക്യോ: ടോക്യോയിൽ പുരുഷ ഗുസ്തിയിൽ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ മെഡലുറപ്പിച്ചു. സെമിയിൽ കസാഖിസ്ഥാന്റെ സനയേവിനെ മലർത്തിയടിച്ചാണ് രവി കുമാറിന്റെ ചരിത്രനേട്ടം. 2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഗുസ്തിയിൽ ഫൈനലിലെത്തുന്നത്. കലാശപ്പോരാട്ടം 05/08/21 വ്യാഴാഴ്ചയാണ് അരങ്ങേറുക. ടോക്യോയിൽ നാലാം മെഡലാണ് രവികുമാറിലൂടെ ഇന്ത്യ ഉറപ്പിച്ചത്.
മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ് നടത്തിയാണ് സനയേവിനെ തോൽപ്പിച്ചത്. തുടരെ എട്ടുപോയന്റുകൾ നേടി വിജയമുറപ്പിച്ചിരുന്ന സനയേവ് 9-2ന് മുന്നിലായിരുന്നു.
പിന്നീടായിരുന്നു രവികുമാറിന്റെ ഉഗ്രൻ തിരിച്ചുവരവ്. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന് മലർത്തിയടിച്ചാണ് രവികുമാർ സെമിയിലേക്ക് കടന്നത്.
23കാരനായ രവികുമാർ ഹരിയാനയിലെ നഹ്റി സ്വദേശിയാണ്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ സ്വർണവും രവികുമാർ നേടിയിട്ടുണ്ട്.