സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ലോക്ഡൗൺ ഞായർ മാത്രം, കടകൾ രാത്രി 9 വരെ തുറക്കാം’

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.

അതേസമയം, ആൾക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേർ മാത്രമേ പാടുള്ളൂ.

കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവർ ആർടിപിസിആർ ടെസ്റ്റ് എടുത്തവരോ, രണ്ട് ഡോസ് വാക്സീൻ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ഊർജിതമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഒരു മാസം ഒരു കോടി പേർക്ക് വാക്സീൻ നൽകാൻ ആണ് ആലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിൽ നിന്ന് കൃത്യമായി ഡോസുകൾ ലഭിച്ചാൽ ഇത് നൽകാനാകും
ഇതിനായി മുഖ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇത് വരെ ടിപിആർ അടിസ്ഥാനപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ രൂപീകരിച്ചാണ് ഇത് വരെ ലോക്ക്ഡൗൺ നടപ്പാക്കി വന്നിരുന്നത്. അത് മാറ്റി, 1000-ത്തിൽ എത്ര പേർക്ക് കൊവിഡ് രോഗം വന്നെന്ന കണക്ക് പരിശോധിച്ച് നിയന്ത്രണങ്ങൾ മാറ്റി ക്രമീകരിക്കുമ്പോൾ ഏറെ വിമർശനങ്ങൾ കേട്ട ഒരു നിയന്ത്രണമോഡലാണ് മാറുന്നത്.

സംസ്ഥാനത്ത് മരണനിരക്ക് .5 ആണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ശരാശരി 1.3 ശതമാനമാണ്. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ ഏഴ് ലക്ഷത്തോളമാണ്. ഇന്ത്യയിൽ ഇത് മൂന്ന് ലക്ഷത്തോളം മാത്രമാണ്. സംസ്ഥാനത്ത് ടിപിആർ 12 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് ആറ് ശതമാനത്തോളമാണ്. കൊവിഡ് രണ്ടാം തരംഗം കേരളത്തിലെത്തിയത് വൈകി മാത്രമാണെന്നും രോഗികളുടെ എണ്ണം കൂടിത്തന്നെ നിൽക്കുന്നത് ഈ കാരണം കൊണ്ടാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →