കൊച്ചി: യാത്രക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. ടിക്കറ്റ് ബുക്കുചെയ്‌തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ തുക യാത്രക്കാരന് തിരിച്ചുനല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അഡ്വ റസല്‍രാജ് ഫയല്‍ ചെയ്‌ത കേസിലാണ് ഉത്തരവ്.
ബാംഗളൂരില്‍ നിന്ന് എണാകുളക്തേക്ക് വരുന്നതിനായി കെഎസ് ആര്‍ടിസിയുടെ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്കുചെയ്‌തിരുന്നെങ്കിലും ബസ് നേരത്തെ പുറപ്പെട്ടിരുന്നതിനാല്‍ യാത്രചെയ്യാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. അത് സേവനത്തിലെ ന്യൂനതയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കമ്മീഷനില്‍ പരാതി നല്‍കിയത്.
എന്നാല്‍ ബസ് കൃത്യസമയത്താണ് പുറപ്പെട്ടതെന്നും വീഴ്‌ച വരുത്തിയത് യാത്രക്കാരനാണന്നും കെഎസ്‌ആര്‍ടിസി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. കേസ് ഫയല്‍ചെയ്യപ്പെട്ടപ്പോള്‍തന്നെ ടിക്കറ്റ് വായിക്കാന്‍ കഴിയാത്ത അവസ്ഥയുിലായിരുന്നെന്നും ഗുണനിലവാരമില്ലാത്ത യാത്രടിക്കറ്റ് നല്‍കിയത് തന്നെ സേവനത്തിലെ ന്യൂനതയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
2019 ജൂലൈ 6ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗുണനിലവാരമുളള പേപ്പറില്‍ നിലവാരമുളള മഷി ഉപയോഗിച്ച പ്രിന്റ് ചെയ്‌ത ബില്ലുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുളള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്‌തതും വ്യക്തമായി വായിക്കാന്‍ കഴിയുന്നതുമായ ബില്ലുകള്‍ നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കെഎസ്‌ആര്‍ടിസി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനല്‍കണമെന്നും കമ്മീഷന്‍ ഉത്തരവായി.

