ദിവസയാത്രക്കാർക്ക് ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; നിർദേശം തിരുത്തി കർണാടക

ബം​ഗളൂരു: കേരളത്തിൽ നിന്നുള്ള ദൈനം ദിന കർണാടക യാത്രക്കാർക്ക് 15 ദിവസത്തിൽ ഒരിക്കലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന നിർദേശം തിരുത്തി കർണാടക. ദിവസയാത്രക്കാർ ഏഴ് ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ. കെ.വി. രാജേന്ദ്ര 03/08/21 ചൊവ്വാഴ്ച പറഞ്ഞു.

പരീക്ഷയ്ക്കല്ലാതെ പോകുന്ന വിദ്യാർത്ഥികൾ ഏഴ് ദിവസം മുമ്പെങ്കിലും എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കിറ്റില്ലാതെ കേരളത്തിൽ നിന്ന് എത്തുന്നവരെ കൊവിഡ് സെന്റിലേക്ക് മാറ്റുമെന്ന് കർണാടകം അറിയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല. ബെം​ഗളൂരു റെയിൽവേസ്റ്റേഷനിലടക്കം കൂടുതൽ പരിശോധനാസംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, കേരള- തമിഴ്നാട് അതിർത്തിയായ വാളയാറിൽ കേരളവും പരിശോധന കർശനമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായി പരിശോധന നടത്തുകയാണ്. ആർടിപിസിആർ ടെസ്റ്റിന് 500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയും ആണ് ഈടാക്കുന്നത്. തമിഴ്നാടിന്റെ കൊവിഡ് പരിശോധന ഇവിടെ സൗജന്യമാണ്.

ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് തമിഴ്നാട് പ്രധാനമായും പരിശോധന നടത്തുന്നത്. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ് പരിശോധന. പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തുന്നത്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു.
പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തിൽ തമിഴ്‌നാട് പരിശോധന നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →