ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ പി.എസ്. കവല – ചുടുകാട്ടുംപുറം റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദീര്‍ഘനാളായി ശോചനീയാവസ്ഥയിലുള്ള റോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മ്മിക്കുന്നത്. 1400 മീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ടൂറിസം സര്‍ക്യൂട്ട് പദ്ധതിയിലുള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തില്‍ പതിനെട്ടോളം റോഡുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്. പി. എസ്. കവല – ചുടുകാട്ടുംപുറം റോഡ് ഉള്‍പ്പടെ നിലവില്‍ അരൂര്‍ മണ്ഡലത്തില്‍ നാലോളം റോഡുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദലീമ ജോജോ എം.എല്‍.എ., തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ്, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു.