തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വാർഡ് തല ജാഗ്രതാ സമിതികൾ സജീവമാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ. ഗാർഹികാതിക്രമങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരമുള്ള ജില്ലാതല നിരീക്ഷണ-ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലയെ സമ്പൂർണ ജാഗ്രതാ ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വിധവാ സെൽ പോർട്ടലിൽ എഴുപതിനായിരത്തിലധികം സ്ത്രീകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ഉപജീവനമാർഗം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സങ്കൽപ്’ പദ്ധതിയിൽപ്പെടുത്തി പലഹാര നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിധവകളുടെ പരാതികൾ കേൾക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി പൂജപ്പുരയിലെ മഹിളാ ശക്തി കേന്ദ്ര ഹെൽപ്പ് ഡെസ്‌ക്കായി പ്രവർത്തിക്കും. വിധവകളുമായി ബന്ധപ്പെട്ട നിയമങ്ങളെയും സംവിധാനങ്ങളെയുംകുറിച്ചു വ്യാപക പ്രചാരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കാനുള്ള നിയമത്തെയും സംവിധാനങ്ങളെക്കുറിച്ചും വ്യാപക പ്രചാരണം നൽകാൻ യോഗത്തിൽ തീരുമാനമായി. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും.
അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എ. ജൂബിയ, വനിതാ പ്രൊട്ടക്ഷൻ ഓഫിസർ എസ്. ജീജ, വിധവാ സെൽ, ജില്ലാതല നിരീക്ഷണ-ഏകോപന സമിതി, സഖി വൺ സ്റ്റോപ്പ് സെന്റർ ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.