ആലപ്പുഴ : ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 03.08.2021ന് കൂട്ട അവധിയെടുക്കും. ഓ പി, വാക്‌സിനേഷന്‍, സ്വാബ് ടെസ്റ്റ് അടക്കമുളളവയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളെ വരെ ഇത് ബാധിക്കും.
2021 ജൂലൈ 24ന് കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഡോ. ശരത് ചന്ദ്ര പ്രസാദിന് മര്‍ദനമേറ്റിരുന്നു. സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നെടുമുടി പോലീസ് കേസെടുത്തിരുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എംസി പ്രസാദ്,സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ഇതുവരെ പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍ മാര്‍ കൂട്ട അവധിയെടുക്കുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ നെടുമുടി പോലീസ് അറസ്‌റ്റ് വൈകിപ്പിക്കുകയാണെന്നാണ് കെജിഎംഒയുടെ ആരോപണം.