പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി ‘മക്കള്‍ക്കൊപ്പം’ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ്  പരിപാടി നടത്തുക.

കോവിഡ് കാലത്ത് വീട്ടില്‍ കഴിയുന്ന കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെ മുന്നില്‍ കണ്ട് അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും അവരുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് എന്തൊക്കെ പ്രായോഗികമായി ചെയ്യാന്‍ സാധിക്കും എന്ന് മക്കള്‍ക്കൊപ്പം ക്ലാസുകളില്‍ ചര്‍ച്ച ചെയ്യും.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഒരു ദിവസം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ നടക്കും. ഓഗസ്റ്റ് അഞ്ചു മുതല്‍ അധ്യാപക ദിനം വരെയുള്ള ഒരു മാസക്കാലമാണ് പരിപാടി. കോഴിക്കോട് മെഡിക്കല്‍ കോളജ് മനശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മിഥുന്‍ സിദ്ധാര്‍ഥന്‍, ഇന്‍ഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ റിസോഴ്സ് പേഴ്സണ്‍സാണ് ക്ലാസുകള്‍ നയിക്കുക. കോഴിക്കോട് ജില്ലയില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ വിജയവും സ്വീകാര്യതയും കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലയിലും മക്കള്‍ക്കൊപ്പം പരിപാടി ഏറ്റെടുത്തത്.

മക്കള്‍ക്കൊപ്പം രക്ഷാകര്‍ത്തൃ പരിശീലന  പരിപാടിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.  പരിഷത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ഡോ.ആര്‍. വിജയമോഹനന്‍ മക്കള്‍ക്കൊപ്പം പരിപാടി സംബന്ധിച്ച്  വിശദീകരണം നടത്തി. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍,  ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രസിഡന്റ് പി.എസ്. മോഹനന്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എന്‍. അനില്‍, സംസ്ഥാന കമ്മിറ്റി അംഗം ജി.സ്റ്റാലിന്‍, പരിഷത്ത് ഉന്നത വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ഡോ. കെ.പി. കൃഷണന്‍ കുട്ടി, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പ്രൊഫ. തോമസ് ഉഴവത്ത്,  അധ്യാപക സംഘടനാ നേതാക്കളായ ബിനു കെ. നൈനാന്‍ (കെ.എസ്.ടി.എ), കിഷോര്‍ (കെ.പി.എസ്.ടി.എ), ജീമോന്‍ (എ.കെ.എസ്.ടി.യു) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ചെയര്‍മാനും പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ഡോ.ആര്‍. വിജയമോഹനന്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മേധാവികള്‍ ഇതില്‍ അംഗങ്ങളാണ്. ആരോഗ്യ വകുപ്പു മന്ത്രി, ജില്ലയിലെ എംഎല്‍എമാര്‍, എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ഗ്രാമ പഞ്ചായത്ത്  അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി എന്നിവര്‍ സിമിതിയുടെ വൈസ് ചെയര്‍മാന്‍മാരും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്. എസ് വള്ളിക്കോട് ജോയിന്റ് കണ്‍വീനറുമാണ്. അക്കാദമിക് കമ്മിറ്റി ചെയര്‍മാനായി ഡയറ്റ് പ്രിന്‍സിപ്പല്‍ വേണുഗോപാലും കണ്‍വീനറായി തോമസ് ഉഴവത്തും പ്രവര്‍ത്തിക്കും. തുടര്‍ന്ന് ഉപജില്ല, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളിലും ഉദ്ഘാടനവും ക്ലാസുകളും നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →