കൊല്ലം: അഷ്ടമുടി സംരക്ഷണത്തിനും വിഹിതം : മന്ത്രി കെ. എന്‍ ബാലഗോപാല്‍

കൊല്ലം: അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി ബജറ്റില്‍ വകയിരുത്തിയ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള 50 കോടി രൂപയില്‍ നിന്നുള്ള വിഹിതം വിനിയോഗിക്കാമെന്ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍. അഷ്ടമുടിക്കായല്‍ ശുചീകരണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് കൊല്ലം കോര്‍പറേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു കായലുകളെ അപേക്ഷിച്ച് ഇവിടെ മാലിന്യ സാന്നിദ്ധ്യം കുറവാണ് എങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ പരിശോധിക്കണം.  മത്സ്യസമ്പത്ത് കുറയാതെ നോക്കുകയും സംരക്ഷണം സാധ്യമാക്കുന്നതിനായി തടസ്സമില്ലാത്ത ഒഴുക്ക് നിലനിറുത്തുകയും വേണം. അഷ്ടമുടി പരിപാലനത്തിനായി ഒരു ജനകീയ പ്രസ്ഥാനം തന്നെ രംഗത്തുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് അഷ്ടമുടി സംരക്ഷണ അതോറിറ്റി രൂപീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് അധ്യക്ഷയായ മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് സാങ്കേതിക ശില്‍പശാല നടത്തുമെന്നും പറഞ്ഞു. കായല്‍ പുനരുദ്ധാരണത്തിനായി നോഡല്‍ ഏജന്‍സി രൂപീകരിക്കരണമെന്നും സാധ്യമായ ഫണ്ട് അനുവദിക്കാന്‍ ശ്രമം നടത്തുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. പറഞ്ഞു. വിനോദസഞ്ചാര സാധ്യതകള്‍ മുന്‍നിറുത്തിയുള്ള പദ്ധതികള്‍ കായലിന്റെ സംരക്ഷണം കൂടി ഉറപ്പാക്കി രൂപീകരിക്കണമെന്നും പ്രവാസികളുടെ സഹായം തേടാവുന്നതാണെന്നും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.

മാലിന്യം കൃത്യമായും ശാസ്ത്രീയമായും സംസ്‌കരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കെ. സോമപ്രസാദ് എം.പിയുടെ പ്രതിനിധി ബാബു കെ. പന്മന ആവശ്യപ്പെട്ടു. അഷ്ടമുടിക്കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള അതോറിറ്റി രൂപീകരിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എയുടെ പ്രതിനിധി കെ. പി. നന്ദകുമാര്‍ അറിയിച്ചു. കായല്‍ ശുദ്ധീകരണം, സംരക്ഷണം, ആവാസവ്യവസ്ഥ നിലനിറുത്തല്‍ എന്നിവയിലൂടെ അഷ്ടമുടിക്കായലിനെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായി.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, രാഷ്ട്രീയ കക്ഷിനേതാക്കളായ എസ്. സുദേവന്‍, ബിന്ദു കൃഷ്ണ, ഗോപകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എക്‌സ്. ഏണസ്റ്റ്, പരിസ്ഥിതി പഠനങ്ങള്‍ നടത്തിയ അധ്യാപകരായ ഡോ. ബി. ടി. സുലേഖ, ഡോ. പ്രിയ,  ഡി.ടി.പി.സി സെക്രട്ടറി എം.ആര്‍.ജയഗീത, പരിസ്ഥിതി വിദഗ്ധരായ പീറ്റര്‍ പ്രദീപ്, അപ്പുക്കുട്ടന്‍, ഡിക്രൂസ്, പ്രസ്‌ക്ലബ് ഭാരവാഹികളായ അജിത്ത് ശ്രീനിവാസന്‍, ബിജു,  കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →