കൊട്ടിയൂര്‍ പീഡനക്കേസ്; പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയിൽ. റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്നും പ്രതിയായ മുൻവൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇരയായ പെൺകുട്ടി സുപ്രീകോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിൽ വിശദീകരിക്കുന്നു. സുപ്രീം കോടതി ജസ്റ്റീസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ച് 02/07/21 തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും.

നേരത്തെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയും, ഇരയേയും കുഞ്ഞിനേയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാദര്‍ റോബിൻ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരയായ പെൺകുട്ടി സുപ്രീം കോടതിയെ അറിയിച്ചത്.

ഇരുവരുടേയും വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നാണ് ഹ‍ർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അഭിഭാഷകൻ അലക്സ് ജോസഫാണ് ഹര്‍ജി ഫയൽ ചെയ്തിരിക്കുന്നത്.

പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചത്.

ഇനി മുൻ സുപ്രീംകോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീര്‍പ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിൻ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് നേരത്തെ കേസ് പരിഗണിക്കവേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കടതി വിധിച്ചത്. എന്നാൽ, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്നും വിധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →