പത്തനംതിട്ട: തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ഹിയറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ഹിയറിംഗ് പൂര്‍ത്തീകരിച്ച് എക്സ്പേര്‍ട്ട് കമ്മറ്റിയെ നിയോഗിച്ച് നടപടികള്‍ ത്വരിതപ്പെടുത്തും. ഏറ്റെടുക്കേണ്ട 2.3835 ഹെക്ടര്‍ ഭൂമിയില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് വില്ലേജുകളിലായി 2.0305 ഹെക്ടറും കോട്ടയം ജില്ലയിലെ നെടുങ്കുന്നം, പായിപ്പാട് വില്ലേജുകളിലായി 0.3530 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
റോഡിന്റെ സോഷ്യല്‍ ഇംപാക്ട് സ്റ്റഡി ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍വഹണ ഏജന്‍സിക്ക് മന്ത്രി നിര്‍ദേശം നല്‍കി. നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. റോഡിനായി സര്‍ക്കാര്‍ 2016ലെ ബജറ്റില്‍ ഫണ്ട് നല്‍കിയെങ്കിലും ചില കാരണങ്ങളാല്‍ വൈകിയ പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം സാങ്കേതിക കാരണങ്ങളാല്‍ വൈകുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. പദ്ധതിയുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ അനാവശ്യ കാലതാമസം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടത് ഒഴിവാക്കണമെന്നും അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു.
റോഡുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കാലതാമസം ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ യോഗത്തില്‍ പറഞ്ഞു. ഇതിനായി ടൈം ഷെഡ്യൂള്‍ തയാറാക്കി അവലോകനം നടത്തി റോഡിന്റെ പൂര്‍ത്തീകരണത്തിനായി നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, കോട്ടയം ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ, പത്തനംതിട്ട എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ് ജയശ്രീ, എല്‍.എ സ്പെഷ്യല്‍ തഹസിദാര്‍ റെജീന, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.