ഇടുക്കി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന്റെ കെട്ടിട ഭാഗം പൊളിച്ച് നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ദേശിയപാതയോരത്തെ കെട്ടിടങ്ങളില്‍ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച് നീക്കി. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു കെട്ടിടം പൊളിച്ചത്. പ്രദേശത്തെ മണ്‍തിട്ടക്ക് ഇളക്കം സംഭവിക്കാത്തവിധത്തിലായിരുന്നു പൊളിക്കല്‍. സുരക്ഷാ നടപടികള്‍ പാലിച്ചായിരുന്നു പൊളിക്കല്‍. എറണാകുളം ഗ്രീന്‍ വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പൊളിച്ചത്. പൊളിക്കാനുള്ള രണ്ടാമത്തെ കെട്ടിടം സാധാരണ നിലയില്‍ അടുത്ത ദിവസങ്ങളിലായി പൊളിച്ച് നീക്കും. മഴയാരംഭിച്ചതോടെ ദേശിയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കോളേജ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടി തുടരുന്നത്.