ബംഗളുരു: ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 28/07/21 ബുധനാഴ്ച രാവിലെ ബെംഗ്ളൂരുവില്‍ നടന്ന ചടങ്ങിലാണ് ബൊമ്മെ ഗവര്‍ണര്‍ക്കു മുന്നില്‍ സത്യപ്രജ്ഞ ചെയ്തത് സ്ഥാനമേറ്റെടുത്തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് ബിജെപി നിയമസാംഗങ്ങളുടെ യോഗത്തില്‍ ബിഎസ് യെദ്യൂരപ്പയുടെ പിന്‍ഗാമിയായി ബൊമ്മെയെ തെരഞ്ഞെടുത്തത്. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് ബസവരാജ് ബൊമ്മെ. യെദ്യൂരപ്പയെ പോലെ തന്നെ ശക്തനായ ലിംഗായത്ത് നേതാവാണ് ബൊമ്മെയും. 61 കാരനായ ബൊമ്മ മുന്‍ മുഖ്യമന്ത്രി എസ് ആര് ബൊമ്മെയുടെ മകനാണ്.
ബി ജെ പിയില്‍ ബി എസ് യദ്യൂരപ്പയ്ക്കെതിരെ രാഷ്ട്രീയ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. യെദ്യൂരപ്പയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനെ സംസ്ഥാന നേതാക്കള്‍ നേരത്തെ തന്നെ പല തവണ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ബി എസ് യെദ്യൂരപ്പയെ മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നത്. ലിംഗായത്ത് സമുദായവും സന്ന്യാസി മഠങ്ങളും ശക്തമായ എതിര്‍പ്പ് യെദ്യൂരപ്പയെ മാറ്റുന്നതിനോട് കാണിച്ചെങ്കിലും ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ച് പ്രതിഷേധം തണുപ്പിക്കുകയാണ് ബി ജെ പി കേന്ദ്ര നേതൃത്വം.