മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 28/07/21 ബുധനാഴ്ച നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

‘അനര്‍ഹമായതെന്തോ മദ്രസാ അധ്യാപകര്‍ വാങ്ങുന്നുവെന്ന രീതിയിലാണ് പ്രചരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മദ്രസാ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല. അവര്‍ക്കായി ഏര്‍പ്പെടുത്തിയത് ക്ഷേമനിധിയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കാനും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഗ്രാന്റില്‍ നിന്നും കോര്‍പസ് ഫണ്ടായി സര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ട്.

പലിശരഹിത നിക്ഷേപമായ ഈ ഫണ്ട് ഇന്‍ഷുറന്‍സ് പ്രീമിയം, സേവന ചാര്‍ജ്, വിരമിക്കുന്ന അംഗങ്ങള്‍ക്കുള്ള തുക, സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റ് ചെലവുകള്‍ എന്നിവ നിറവേറ്റാന്‍ ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്രസ ക്ഷേമനിധി ബോര്‍ഡില്‍ ആവശ്യത്തിലേറെ അംഗങ്ങളും അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും നല്‍കിയതാണ് തെറ്റിദ്ധാരണ പരത്താന്‍ കാരണമായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →