യെദ്യൂരപ്പ: ഓപ്പറേഷന്‍ കമലയിലൂടെ അധികാരത്തിലേക്ക്; ആഭ്യന്തര സംഘർഷങ്ങളിലൂടെ പുറത്തേക്ക്

ബംഗളുരു: മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിഎസ് യെദ്യൂരപ്പ പുറത്തു പോകുമ്പോൾ മറനീക്കി പുറത്തു വരുന്നത് കർണാടക ബിജെപി രാഷ്ട്രീയത്തിലെ സങ്കീർണമായ സാമുദായിക ബന്ധങ്ങളാണ്. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ രാജി.

ഇന്ത്യൻ രാഷ്ട്രീയം ഏറെ കൗതുകത്തോടെ നോക്കിയ, ‘ഓപ്പറേഷന്‍ കമല’ യിലൂടെയാണ് യദ്യൂരപ്പ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. അധികാരം പിടിക്കാന്‍ ബിജെപി നടത്തിയ തന്ത്രങ്ങൾ നിറഞ്ഞ ആ രാഷ്ട്രീയ നീക്കത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് യെദ്യൂരപ്പ.

യെദ്യൂരപ്പ പടിയിറങ്ങുമ്പോൾ ഒന്നിലധികം നേതാക്കളുടെ പേര് ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് വിലയിരുത്തല്‍.

ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, സി ടി രവി, പ്രല്‍ഹാദ് ജോഷി, മുരുഗേഷ് നിരാണി, സദാനന്ദ ഗൗഡ, എന്നിവരുടെ പേരാണ് സജീവ പരിഗണനയില്‍ എന്നാണ് റിപ്പോർട്. എന്നാല്‍ ഒരു നേതൃമാറ്റം വരുമ്പോള്‍ അതില്‍ കര്‍ണാടകയില്‍ അതിശക്തനായ യദ്യൂരപ്പയെ പൂര്‍ണമായും തഴയാന്‍ ബിജെപി ദേശീയ നേതൃത്വത്തിന് കഴിയില്ല.

ഈ സാഹര്യത്തില്‍ യദ്യൂരപ്പയ്ക്ക് താല്‍പര്യമില്ലാത്ത വ്യക്തികളെന്ന് വിലയിരുത്തപ്പെടുന്ന ബി എല്‍ സന്തോഷ്, പ്രല്‍ഹാദ് ജോഷി എന്നിവരെയാണ് ദേശീയ നേതൃത്വത്തിന്റെ മനസില്‍ എങ്കില്‍ അതിനായുള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലകളും തയ്യാറാക്കേണ്ടിവരും. യദ്യൂരപ്പ ഉള്‍പ്പെടുന്ന ലിംഗായത്ത് സമുദായത്തിന് താല്‍പര്യമുള്ള ഒരു വ്യക്തിതന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക എന്ന് തന്നെയാണ് ശക്തമായ അഭ്യൂഹങ്ങള്‍.

ഈ സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ നല്‍കി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളായിരിക്കും നടക്കുക. ഈ സാഹചര്യത്തില്‍ യദ്യൂരപ്പ ക്യാമ്പിനെ എത്രത്തോളം പരിഗണിക്കുമെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ ഒരു പരിഗണന ലഭിച്ചില്ലെങ്കില്‍ യദ്യൂരപ്പ ഏത് രീതിയില്‍ പ്രതികരിക്കും എന്നതും ബിജെപിയെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്.

കഴിഞ്ഞ കേന്ദ്ര മന്ത്രി സഭാ പുനഃസംഘടനയില്‍ കര്‍ണാടകയില്‍ നിന്നുള്ള ശോഭ കരന്തലജെയെ മന്ത്രിയാക്കിയത് ഉള്‍പ്പെടെ ഈ ഒത്തു തീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ് എന്നും വിലയിരുത്തപ്പെടുന്നു. യദ്യൂരപ്പയുടെ മകനും എം പിയുമായ വിജേന്ദ്ര കര്‍ണാടക രാഷ്ട്രീയത്തിലേക്ക് സുപ്രധാന ചുമതലയുമായി മടങ്ങിയെത്തുമോ, അതോ കേന്ദ്രത്തില്‍ സുപ്രധാന ചുമതലയില്‍ നിയോഗിക്കപ്പെടുമോ എന്നും രാഷ്ട്രീയ നീക്കത്തില്‍ സുപ്രധാനമാണ്.

നിലവില്‍ കേന്ദ്ര മന്ത്രിയാണ് പ്രല്‍ഹാദ് ജോഷി, കേന്ദ്ര നേതൃത്തോട് അടുത്ത് നില്‍ക്കുമ്മ വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാല്‍ സമുദായ പ്രാതിനിധ്യം പ്രല്‍ഹാദ് ജോഷിക്ക് പ്രതികൂല ഘടകമാകും. ബ്രാഹ്മണ സമുദായ അംഗമാണ് അദ്ദേഹം.

ബിജെപി ജനറല്‍ സെക്രട്ടറിയാണ് സിടി രവി. വൊക്കലിംഗ സമുദായ അംഗം എന്നതും അനുകൂല ഘടകം. യദ്യൂരപ്പയുടെ അടുപ്പക്കാരനാണ് ബസവരാജ് ബൊമ്മൈ, നിലവില്‍ അഭ്യന്തര മന്ത്രിയാണ് അദ്ദേഹം. മുരുഗേഷ് നിരാനി എല്ലാ ഘടകങ്ങളും അനുകൂലമായ ഒരാള്‍. ബഗാല്‍കോട്ട് എംഎല്‍എയും ഖനി വകുപ്പ് മന്ത്രിയുമാണ്. ലിംഗായത്ത് സമുദായ അംഗം എന്ന നിലയിലും ശക്തന്‍.

ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ബിജെപി ദേശീയ നേതൃത്വത്തെ പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് യദ്യൂരപ്പ പടിയിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന യദ്യൂരപ്പയുടെ മനസിലിരിപ്പും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേയ്ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →