ദില്ലി: കാർഗിൽ യുദ്ധ വിജയത്തിന്‍റെ സ്മരണയിൽ രാജ്യം. ഈ വർഷത്തെ കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 26/07/2021 തിങ്കളാഴ്ച കാർഗിലിലെത്തും.
Read Also: കാർഗിൽ വിജയ് ദിവസാഘോഷം; രാഷ്‌ട്രപതി കശ്മീരിലേക്ക്
1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ നേരിട്ട ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് 26/07/2021 തിങ്കളാഴ്ച.
മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ശത്രുസൈന്യത്തെയും പ്രതികൂല കാലാവസ്ഥയെയും തകർത്തെറിഞ്ഞ പോരാട്ടം. ശ്രീനഗറിൽനിന്ന് 202 കിലോമീറ്ററുണ്ട് കാർഗിലിലേക്ക്. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം.
1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. ആകാശത്തുനിന്ന് വ്യോമസേനയുടെ വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ തീ തുപ്പി. ഇന്ത്യൻ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് പട പരാജയം സമ്മതിച്ചു.
ഇന്ത്യൻ പാതക വീണ്ടും ഉയർന്നു പാറി. കാർഗിലിൽ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടർന്നു. 72 ദിവസത്തോളം നീണ്ട പോരാട്ടത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാർ.1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്‍റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം.