കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതി അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യമില്ല

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് 23/07/21 വെള്ളിയാഴ്ച അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നിഷേധിച്ചത്. കേസില്‍ അര്‍ജ്ജുന് നിര്‍ണായക പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നുമാണ് അര്‍ജുന്‍ ആയങ്കി ജാമ്യഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിച്ചു. കസ്റ്റംസിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹത ആരോപണം ഉയരുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റമീസിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകണമെന്നാണ് അറിയിച്ചത്. എന്നാല്‍ റമീസ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അപകടത്തില്‍ റമീസിനെ വാരിയെല്ലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് വിവരം.

Share
അഭിപ്രായം എഴുതാം