ടോക്കിയോ: 23/07/21 വെള്ളിയാഴ്ച നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 50 പേര്‍ പങ്കെടുക്കും. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലാണു നടപടിയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത പറഞ്ഞു.
താരങ്ങളും ഒഫീഷ്യലുകളുമായി 50 പേരെ മാത്രം പങ്കെടുപ്പിക്കാനാണു തീരുമാനം. ജാപ്പനീസ് അക്ഷരമാല ക്രമത്തിലാണു മാര്‍ച്ച് പാസ്റ്റ്. മാര്‍ച്ച് പാസ്റ്റില്‍ ഒരു രാജ്യത്തുനിന്നു പരമാവധി ആറ് ഒഫീഷ്യലുകള്‍ക്കാണു പങ്കെടുക്കാന്‍ അനുമതിയുള്ളത്.
ഷൂട്ടിങ്, അമ്പെയ്ത്ത്, ബോക്സിങ് താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നില്ല. കോവിഡ് രോഗവ്യാപന സാധ്യതയും പരിശീലിക്കാനുള്ള സമയവും കണക്കിലെടുത്താണ് ഒഴിവാകുന്നത്. ഷൂട്ടിംഗ് താരങ്ങള്‍ പങ്കെടുക്കില്ലെന്നു കോച്ച് സുമ ഷിരൂര്‍ സ്ഥിരീകരിച്ചു.
നാളെയാണു ഷൂട്ടിങ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓരോ അത്‌ലറ്റിന്റെയും വ്യക്തിപരമായ തീരുമാനമാണെന്ന് കോച്ച് പറഞ്ഞു. ചിലര്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതായും ഷിരൂര്‍ പറഞ്ഞു. 24 നാണ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. നാല് ഇന്ത്യന്‍ ഷൂട്ടര്‍മാരാണ് ഇറങ്ങുന്നത്. അപൂര്‍വി ചണ്ഡേല, ഇലവേളി വാളരിവന്‍, സൗരഭ് ചൗധരി, അഭിഷേക് വര്‍മ എന്നിവരാണു മത്സരിക്കുന്നത്. ഒളിമ്പിക് വില്ലേജില്‍ വരെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളരെ സൂക്ഷിച്ചാണ് ഓരോ ദേശീയ ഫെഡറേഷനും താരങ്ങളെ ചടങ്ങുകള്‍ക്കായി അയക്കുന്നത്.

