ന്യൂഡൽഹി: കർഷകരുടെ പാർലമെന്റ് മാർച്ചിന് 22/07/21 വ്യാഴാഴ്ച്ച തുടക്കമാകും. കർഷക സമരം 8 മാസം പിന്നിടുമ്പോഴും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
മാനദണ്ഡം പാലിച്ച് ജന്തര്‍മന്ദറില്‍ സമരം നടത്താൻ കർഷകർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം 238 ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് കർഷകർ സമരം കൂടുതൽ ശക്തമാക്കുന്നത്. സമരവേദി സിംഗുവിൽ നിന്ന് ജന്തർ മന്ദറിലേക്ക് മാറ്റുന്ന കർഷകർ വ്യാഴാഴ്ച മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്ത് 13 വരെയാണ് ഇവിടെ പ്രതിഷേധിക്കുക. ദിവസേന 5 നേതാക്കൾ 200 കർഷകർ എന്ന നിലയിൽ സമരത്തിൽ പങ്കെടുക്കും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക ബസുകളിലാണ് കർഷകർ എത്തുന്നത്.



