പുത്തൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി യുവതിയെ മര്‍ദ്ദിച്ചും തള്ളി നിലത്തിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്. മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. ഇതിനിടയിലാണ് സ്ത്രീധനം ആവശ്യപ്പെട്ട് മിഥുന്‍ തന്നെ ഉപദ്രവിക്കുന്നതായി അഞ്ജു വീട്ടില്‍ അറിയിച്ചത്.
ഇതിന് ശേഷം സാരമായ പരിക്കേറ്റ നിലയില്‍ അഞ്ജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന അഞ്ജു ചികിത്സയ്ക്ക് ശേഷം കുടുംബ വീട്ടിലെത്തി.
ഇതിന് ശേഷമാണ് അമ്മ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയത്. കൊട്ടാരക്കര പൊലീസ് അഞ്ജുവിന്റെയും അമ്മയുടെയും മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് പുത്തൂര്‍ പൊലീസിന് കൈമാറി. പുത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനത്തില്‍ നിന്ന് വീണാണ് അഞ്ജുവിന് പരിക്കേറ്റതെന്നാണ് ഭര്‍തൃബന്ധുക്കള്‍ അറിയിച്ചത്. പൊലീസ് അതും അന്വേഷിക്കുന്നുണ്ട്.

