ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തെ സ്വര്‍ണബോണ്ടിന്റെ നാലാംഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ ജൂലൈ 16 വരെ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിനു ആനുപാതികമായ നിക്ഷേപത്തിന് 4,807 രൂപയാണ് ആര്.ബി.ഐ. നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബോണ്ട് സ്വന്തമാക്കുന്ന നിക്ഷേപകര്‍ക്കു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. എട്ടു വര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞ് നിക്ഷേപം പിന്‍വലിക്കാന്‍ അവസരമുണ്ട്. മൂന്നാംഘട്ടത്തില്‍ ഗ്രാമിന് 4,889 രൂപയായിരുന്നു. നിക്ഷേപകര്‍ ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങണം. വ്യക്തികള്‍ക്കു നാലു കിലോ വരെയും ട്രസ്റ്റുകള്‍ക്ക് 20 കിലോ വരെയും സ്വര്‍ണ ബോണ്ട് വാങ്ങാം. സര്‍ക്കാരിനു വേണ്ടി ആര്.ബി.ഐയാണ് സ്വര്‍ണ ബോണ്ട് വിപണിയിലെത്തിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം മേയ്- സെപ്റ്റംബര്‍ കാലയളവില്‍ ആറുഘട്ടമായി ബോണ്ട് വിപണിയിലെത്തുമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്പ്പറേഷന്, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, ഓഹരി വിപണി എന്നിവ വഴി ബോണ്ട് വാങ്ങാം. 2021 മാര്‍ച്ച് വരെ സ്വര്‍ണ ബോണ്ട് വഴി 25,702 കോടി രൂപ ആര്.ബി.ഐ. സ്വരൂപിച്ചിട്ടുണ്ട്.
സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ
