ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വില കുറഞ്ഞു: മൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്

മുംബൈ: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കുറവ്. ജൂണില്‍ സൂചിക 12.07 ശതമാനം രേഖപ്പെടുത്തി. മേയില്‍ ഇത് 12.94 ശതമാനമായിരുന്നു. ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വില കുറഞ്ഞതാണ് സൂചികയ്ക്ക് ആശ്വാസമായത്. അസംസ്‌കൃത എണ്ണവിലയിലും കുറവുണ്ടായി. എങ്കിലും മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 10 ശതമാനത്തിനു മുകളില്‍ തുടരുന്നത് ഇത് മൂന്നാംമാസമാണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ സൂചിക -1.81 ശതമാനം മാത്രമായിരുന്നു. തുടര്‍ച്ചയായ അഞ്ചുമാസത്തെ കയറ്റത്തിനുശേഷം ഇതാദ്യമായി ജൂണില്‍ സൂചികയില്‍ നേരിയ കുറവുണ്ടായതു മാത്രമാണു നേരിയ ആശ്വാസം. ഇന്ധനം, ഊര്‍ജം എന്നീമേഖലകളിലെ പണപ്പെരുപ്പം മേയില്‍ 37.61 ശതമാനം ആയിരുന്നത് ജൂണില്‍ 32.83 ശതമാനമായി കുറഞ്ഞു.

ഭക്ഷ്യവസ്തുക്കളടെ വിലക്കയറ്റം 4.32 ശതമാനത്തില്‍നിന്ന് 3.09 ശതമാനമായി. ഉല്‍പ്പാദനമേഖലയില്‍ പണപ്പെരുപ്പം ജൂണില്‍ 10.88 ശതമാനമായി വര്‍ധിച്ചു. മേയില്‍ ഇത് 10.83 ശതമാനമായിരുന്നു. പ്രാദേശിക ലോക്ക്ഡൗണുകളില്‍ ഇളവുണ്ടായതും ഉല്‍പ്പാദനം പുനരാരംഭിച്ചതും വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയാന്‍ വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പും കുറഞ്ഞതോടെ ഏവരുടേയും ശ്രദ്ധ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പത്തിലാണ്. റീട്ടെയില്‍ പണപ്പെരുപ്പമാണ് ആര്‍.ബി.ഐയുടെ ധനനയത്തെ നേരിട്ടു സ്വാധീനിക്കുന്നത്. കഴിഞ്ഞതവണയും ആര്‍.ബി.ഐ. അടിസ്ഥാനനിരക്കുകള്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ നിരക്കുകള്‍ ഉയരുമെന്നാണു വിലയിരുത്തല്‍. യു.എസും, യൂറോപ്പും അടിസ്ഥാന നിരക്കുകള്‍ ഉയര്‍ത്തിയത് ഇന്ത്യന്‍ വിപണികള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആര്‍.ബി.ഐ. വര്‍ണര്‍ ശക്തികാന്ദാ ദാസ് അടുത്തിടെ പ്രതികരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം