രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തേതെന്ന് സുപ്രീം കോടതി; സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനിപ്പുറവും ഈ നിയമം ആവശ്യമാണോ എന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തേതെന്ന് സുപ്രീം കോടതി. നിയമം ബ്രിട്ടീഷ് കാലത്ത് ഉണ്ടാക്കിയതാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനിപ്പുറവും ഈ നിയമം ആവശ്യമാണോ എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു.

രാജ്യത്തെ ഇന്‍സ്റ്റിറ്റിയൂഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹ നിയമ(124എ)ത്തെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ 15/07/21 വ്യാഴാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, എ.എസ്. ബൊപ്പണ്ണ ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘ഈ നിയമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആശങ്കാവഹമാണ്. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ കൊളോണിയല്‍ നിയമമാണിത്. മഹാത്മാ ഗാന്ധിയെ നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച അതേ നിയമമാണിത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ നിയമം അത്യാവശ്യമാണോ?,’ കോടതി ചോദിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ നിയമം ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പല നിയമങ്ങളും എടുത്തു കളയുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഈ നിയമത്തെക്കുറിച്ച് ശ്രദ്ധിക്കാത്തത് എന്നും കോടതി ചോദിച്ചു.

നോക്കിയാല്‍ മനസിലാവുന്നത് ഇതാണ്, ഒരു മരം മുറിക്കാന്‍ ഈര്‍ച്ചവാള്‍ കയ്യില്‍ കിട്ടിയ ഒരു ആശാരി ഒരു കാട് മൊത്തം നശിപ്പിച്ചാല്‍ എങ്ങനെ ഇരിക്കും, അതാണ് രാജ്യദ്രോഹ നിയമം ചുമത്തുന്നതിന്റെ ഇന്നോളമുള്ള ചരിത്രമെന്നും എന്‍.വി. രമണ പറഞ്ഞു.

ഈ നിയമവുമായി ബന്ധപ്പെട്ട് നിരവധി ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് നിയമം പുനപപരിശോധിക്കണമെന്ന് പറയുന്നതെന്നും കോടതി വ്യക്തമാക്കി.

അടുത്ത കാലത്തായി നിരവധി ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം