എറണാകുളം: മഴക്കെടുതി: പറവൂർ താലൂക്കിലെ വിവിധ വില്ലേജുകളിൽ വ്യാപക നാശനഷ്ടം

എറണാകുളം: കനത്ത മഴയിലും ശകതമായ കാറ്റിലും പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാലൂർ വില്ലേജുകളിൽ വ്യാപക നാശനഷ്ടം നേരിട്ടു. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി വില്ലേജിൽ 40  വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലങ്ങാട് വില്ലേജിൽ 122 വീടുകളും കരുമാലൂർ  വില്ലേജിൽ 18 വീടുകളും ഭാഗികമായി തകർന്നു. 
ശകതമായ കാറ്റിൽ മരങ്ങൾ വീണാണ് ഭൂരിഭാഗം വീടുകൾക്കും നാശനഷ്ടം സംഭവിച്ചത്. പറവൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലായി 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കെ.എസ്.ഇ.ബി യുടെ വിവിധ സാമഗ്രികൾക്കും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ നേരിട്ടു.

മൂവാറ്റുപുഴ താലൂക്കിലെ ഏനാനെല്ലൂർ, കല്ലൂർക്കാട് വില്ലേജുകളിൽ നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു.  ഏനാനെല്ലൂർ വില്ലേജ് 12-ാം വാർഡിൽ രണ്ട് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കുന്നത്തുനാട് താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നു. ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിൽ വീടിന് മുകളിൽ മരംവീണ് ഭാഗിക നാശനഷ്ടം നേരിട്ടു. കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ ഒരു വീട്  ഭാഗികമായി തകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ജില്ലയിലെവിടെയും നിലവിലില്ല.

Share
അഭിപ്രായം എഴുതാം