124 എ വകുപ്പ് റദ്ദാക്കണം: എജി രണ്ടാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് റദ്ദാക്കണമെന്ന ഹരജികളില്‍ അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടി സുപ്രീം കോടതി. രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നല്‍കി. ഭരണകൂടത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന മണിപ്പൂരിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്ഖ്‌ചെ, ഛത്തീസ്ഗഡിലെ കാര്‍ട്ടൂണിസ്റ്റ് കനയ്യലാല്‍ ശുക്‌ള എന്നിവരാണ് ഹരജിക്കാര്‍. കേസ് വരുന്ന 27ാം തീയതി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിന് കേസില്‍ കക്ഷി ചേരാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കി. മണിപ്പൂര്‍ സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടുത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്റ് എന്ന് വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കിഷോര്‍ ചന്ദ്രക്കെതിരായ കേസ്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതാണ് കനയ്യ ലാലിനെതിരായ കേസ് എടുക്കാനുള്ള കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →