രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് നിർദ്ദേശം നൽകി.മൺട്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കൾ മൺട്രം പിരിച്ചുവിട്ടത്. രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇത് സംബന്ധിച്ച് 12/07/2021 തിങ്കളാഴ്ച രജനീകാന്ത് വാർത്താക്കുറിപ്പ് പുറത്തിറക്കി.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൻട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൻട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യനില മോശമായതോടെ താരം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

