തിരുവല്ല: സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍ എന്ന നിലയിലായിരിക്കും 12/07/21 തിങ്കളാഴ്ച കാലം ചെയ്ത ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്ക ബാവയെ സമൂഹം അനുസ്മരിക്കുക. മനുഷ്യസ്‌നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു അ്‌ദ്ദേഹം. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്കു പങ്കാളിത്തം ഉറപ്പാക്കിയതും ബാവയുടെ ഇടപെടലിലൂടെയായിരുന്നു. ഇടവകകളില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പെടുത്തിയ 2011 ലെ തീരുമാനമായിരുന്നു ബാവായുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനം.
പരുമല തിരുമേനിക്ക് ശേഷം മെത്രാന്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സഭാ തലവനായി നിയോഗിക്കപ്പെടുന്നത്.
Read Also: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ വിടവാങ്ങി
തൃശ്ശൂര്‍ കുന്നംകുളത്ത് 1946 ആഗസ്റ്റ് 30നായിരുന്നു ജനനം. 1972ല്‍ ശെമ്മാശപ്പട്ടവും 1973ല്‍ കശീശ സ്ഥാനം നേടി. 1982ല്‍ എപ്പിസ്‌കോപ്പയായി. പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേര് സ്വീകരിച്ചു. 1985ല്‍ മെത്രാപ്പോലീത്തയായി കുന്നംകുളം ഭദ്രാസനത്തിന്റെ ആദ്യ സാരഥിയുമായിരുന്നു അദ്ദേഹം. കുന്നംകുളത്തു നിന്നുളള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. 2010 നവംബര്‍ ഒന്നിനാണ് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടുന്നത്.

