കൊൽക്കത്തയിലും യുപിയിലും ഭീകര‍ർ പിടിയിൽ

കൊൽക്കത്ത/ശ്രീനഗർ: ഉത്തര്‍ പ്രദേശില്‍ രണ്ടും, പശ്ചിമ ബംഗാളില്‍ മൂന്നും ഭീകരര്‍ പിടിയിലായി. ഉത്തര്‍പ്രദേശില്‍ പിടിയിലായ രണ്ടുപേര്‍ അല്‍ക്വയിദ ഭീകരരാണ്‌. ജമാഅത്‌ ഉള്‍മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളായവരാണ് മറ്റുമൂന്നുപേര്‍. സൗത്ത്‌ കൊല്‍ക്കൊത്തിയില്‍ നിന്നാണ്‌ ഇവര്‍ പിടിയിലായത്‌. ഇവര്‍ നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ സ്‌പോടനത്തിന്‌ പദ്ധതിയിട്ടിരുന്നതായി കൊല്‍ക്കൊത്ത പോലീസ്‌ പറയുന്നു.

ഇവരില്‍ നിന്ന്‌ ആയുധങ്ങളും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്‌. തീവ്രവാദ സേനയും ബോംബ്‌ സ്‌ക്വാഡും ചേര്‍ന്ന്‌ നടത്തിയ ഓപ്പറേഷനിലാണ്‌ ഉത്തര്‍ പ്രദേശില്‍ രണ്ട്‌ തീവ്രവാദികള്‍ പിടിയിലായത്‌. ലഖ്‌നൗ നഗരത്തിന്‌ സമീപത്തുനിന്നാണ്‌ ഇവര്‍ പിടിയിലാവുന്നത്‌. രണ്ടുപേരും അല്‍ക്വയിദ അംഗങ്ങളാണെന്ന്‌ പോലീസ്‌ അറിയിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഇന്ന് എൻഐഎ റെയ്ഡ് നടത്തി. ‌അനന്തനാഗില്‍ നിന്ന് അഞ്ച് പേരെയും ശ്രീനഗറില്‍ നിന്ന് ഒരാളെയും എൻഐഎ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്‍റലിജന്‍സ് ബ്യൂറോയും, റോയും, ജമ്മുകാശ്മീര്‍ പോലീസും റെയ്ഡില്‍ പങ്കെടുത്തു. തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മുകാശ്മീരില്‍ പതിനൊന്ന് സര്‍ക്കാ‍ർ ഉദ്യോസ്ഥരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു റെയ്ഡ്. 

Share
അഭിപ്രായം എഴുതാം