തിരുവനന്തപുരം: ഫീസ് വൈകിയാൽ പുന:പ്രവേശന ഫീസ് ഈടാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ വിദ്യാർഥികളിൽ നിന്നും പുന:പ്രവേശനഫീസ് ഈടാക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി.
എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ നടപടിയെക്കുറിച്ചുള്ള പരാതി തീർപ്പാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ, ഐ.സി.എസ്.ഇ സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ അംഗം കെ. നസീർ നിർദ്ദേശം നൽകിയത്.

പരാതിക്ക് ആസ്പദമായ സ്‌കൂൾ ഫീസിൽ 30 ശതമാനം ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ആ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ആയിരം രൂപ പുന:പ്രവേശനഫീസ് അടയ്ക്കണമെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർബന്ധമാണ് കമ്മീഷൻ പരിഗണിച്ചത്. യഥാസമയം ഫീസ് ഒടുക്കാത്തവർ പിഴയും പുന:പ്രവേശനഫീസും അടയ്ക്കണമെന്ന് സ്‌കൂൾ ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന മാനേജ്‌മെന്റിന്റെ വാദം കമ്മീഷൻ തള്ളിക്കളഞ്ഞു. ഫീസ് നിരക്ക് നിശ്ചയിക്കുന്നതിന് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് പരമാധികാരമുണ്ടെങ്കിലും ഫീസ് വൈകുന്നതിന്റെ പേരിൽ പുന:പ്രവേശനഫീസ് ഈടാക്കുന്നത് വിദ്യാഭ്യാസാവകാശ നിയമത്തിലെ 3, 12 സെക്ഷനുകൾക്ക് എതിരാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

Share
അഭിപ്രായം എഴുതാം